ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്
ചരിത്ര പൈതൃകവും സാംസ്കാരിക മഹത്വവും നിറഞ്ഞ ഒരു നാട്
പഞ്ചായത്തിന്റെ ചരിത്രം
1961-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ രൂപീകൃതമായ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് മലപ്പുറം ജില്ലയിലെ ചരിത്രപരവും സാംസ്കാരികപരവുമായ പ്രാധാന്യമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ്. ആരംഭകാലത്ത് മണ്ണുകൊണ്ട് നിർമ്മിച്ച ലളിതമായ ഒരു ഷെഡിൽ പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് ഇന്ന് വികസനത്തിന്റെ വിവിധ ഘട്ടങ്ങൾ പിന്നിട്ട് ആധുനിക സൗകര്യങ്ങളോടുകൂടിയ ജനകീയ ഭരണകേന്ദ്രമായി വളർന്നു.
22.69 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ വടക്ക് മക്കരപ്പറമ്പ്, മങ്കട ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ് കുറുവ ഗ്രാമപഞ്ചായത്തും, തെക്ക് മൂർക്കനാട്, പുലാമന്തോൾ ഗ്രാമപഞ്ചായത്തുകളും, കിഴക്ക് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തുമാണ് അതിർത്തി പങ്കിടുന്നത്. ഇടനാട് മേഖലയിലെ പ്രകൃതി ഭംഗിയാർന്ന ഈ പ്രദേശം കുന്നുകൾ, താഴ്വരകൾ, ചെറുചെരിവുകൾ, സമതലങ്ങൾ, ജലസ്രോതസ്സുകൾ എന്നിവയാൽ സമ്പന്നമാണ്.
ഒരുകാലത്ത് നെൽകൃഷി മുഖ്യജീവനോപാധിയായിരുന്ന ഈ പ്രദേശം ഇന്ന് വൈവിധ്യമാർന്ന കാർഷിക സംസ്കാരത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. പ്രകൃതിയും ചരിത്രവും സംസ്കാരവും വിദ്യാഭ്യാസവും ഒരുപോലെ കൈകോർക്കുന്ന പുഴക്കാട്ടിരി, ഉയർന്ന സാക്ഷരതയും സാമൂഹിക ഐക്യവും വികസന കാഴ്ചപ്പാടും കൊണ്ട് ശ്രദ്ധേയമായ ഗ്രാമപഞ്ചായത്താണ്.
സ്വാതന്ത്ര്യസമര നായകർ
സ്വതന്ത്ര സമര സേനാനിയും കോണ്‍ഗ്രസ്സ് നേതാവും മലബാറിലെ ഖിലാഫത്ത് സമരങ്ങളിലെ സജീവ സാനിധ്യവും മലബാർ കലാപത്തിൽ പങ്കെടുത്ത വ്യക്തിയുമായിരുന്നു മുതൽപ്പുരേടത്ത് പടിഞ്ഞാറേതിൽ നാരായണമേനോൻ എന്ന എം.പി. നാരായണമേനോൻ. ഹിന്ദു മുസ്‌ലിം ഐക്യത്തിനായി എന്നും മുൻ നിരയിൽ ഉണ്ടായ വ്യക്തിയായിരുന്നു ഇദ്ദേഹം. മലബാർ കലാപത്തിൽ ഖിലാഫത്ത് വളണ്ടിയർമാരെ പിന്തുണച്ചതിനു ബ്രിട്ടീഷുകാരുടെ ക്രൂര പീഡനങ്ങൾ ഏറ്റു വാങ്ങിയ ചരിത്രവും ഇദ്ദേഹത്തിനുണ്ട്. 1934-35 കാലയളവിൽ അദ്ദേഹം കെ.പി.സി.സി പ്രസിഡന്‍റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. മുതൽപുരേടത്ത് പടിഞ്ഞാറക്കരയിൽ നാരായണമേനോൻ 1887 മാർച്ച് 23 ന് പഴയ വള്ളുവനാട് താലൂക്കിലെ പുഴക്കാട്ടിരി വില്ലേജിലെ കട്ടിലശ്ശേരിയിലെ തറവാട്ടു വീട്ടിൽ ജനിച്ചു. അച്ഛൻ പറമ്പോട്ടു തറവാട്ടിലെ കാരണവരായിരുന്ന കരുണാകരമേനോൻ, അമ്മ മുതൽപുരേടത്ത് തറവാട്ടിലെ നാരായണി അമ്മ. 7 മക്കളിൽ മുത്തമകനാണ്.
മൗലാനാ അബ്‌ദുൽ കലാം ആസാദിനെ പോലുള്ളവരുടെ സ്വാധീനത്താൽ സ്വാതന്ത്ര്യ സമര രംഗത്തേക്ക് വന്ന് മലബാറിലെ മുസ്ലിം-ഹിന്ദു മത വിശ്വാസികളെ ഐക്യത്തോടെ ദേശീയ പ്രസ്ഥാനങ്ങളുമായി അടുപ്പിച്ച ദീർഘ വീക്ഷണമുള്ള നേതാവായിരുന്നു കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാർ. ആനിബസന്‍റ് സ്ഥാപിച്ച ഹോംറൂൾ പ്രസ്ഥാനത്തിന്‍റെ പ്രചാരകരായാണ് എം പി നാരായണ മേനോനും കട്ടിലശ്ശേരിയും ദേശീയ പ്രസ്ഥാന രംഗത്തേക്ക് കടന്ന് വന്നത്. ഖിലാഫത്ത് പ്രസ്ഥാനം ഹിംസാത്മാകമായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പ്രസംഗവും സംഘടനാ പ്രാപ്‌തിയും സമാധാന അന്തരീക്ഷം നിലനിർത്തി.1879 ൽ സുഫിവര്യനും പണ്ഡിതനുമായിരുന്ന ആലി മുസ്ല്യാരുടെയും ആയിശുമ്മ ബീവിയുടെയും മകനായി മണക്കാട് വാക്കത്തൊടിയിൽ മുഹമ്മദ് മൗലവി പഴയ വള്ളുവനാട് താലൂക്കിലെ കരിഞ്ചാപാടിയിൽ ജനിച്ചു. അദ്ദേഹത്തിന്‍റെ പിതാവ് കട്ടിലശ്ശേരിയിലെ അമ്മാവൻമാരുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്നതിനാൽ കട്ടിലശ്ശേരി ആലിമുസ്ല്യാർ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിനാൽ അദ്ദേഹവും കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാർ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടു.
പാലൂർക്കോട്ട വെള്ളച്ചാട്ടം

പ്രകൃതിയുടെ മനോഹര സമ്മാനം
പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന പാലൂർക്കോട്ട പ്രദേശം പ്രകൃതിസൗന്ദര്യവും ചരിത്രപാരമ്പര്യവും സമന്വയിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. ഇവിടെ സ്ഥിതി ചെയ്യുന്ന പാലൂർക്കോട്ട വെള്ളച്ചാട്ടം വർഷംതോറും നിരവധി സന്ദർശകരെ ആകർഷിക്കുന്നു.
പച്ചപ്പിനാൽ ചുറ്റപ്പെട്ട മലനിരകളിലൂടെ ഒഴുകിയെത്തുന്ന വെള്ളച്ചാട്ടം പ്രകൃതിയുടെ അപൂർവ്വ സൗന്ദര്യം സന്ദർശകർക്കു സമ്മാനിക്കുന്നു. ചരിത്രവിദ്യാർത്ഥികൾക്കും പ്രകൃതിസ്നേഹികൾക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ് പാലൂർക്കോട്ട.